Tuesday, November 29, 2011

പേര് വന്ന വഴി

ഇതിലെ കടന്നു പോകുന്നവരോട് ആദ്യമായി എനിക്ക് പറയാനുള്ളത് ബ്ലോഗിന്‍റെ പേര് കണ്ട് ഞാനൊരു അന്തര്‍മുഖനെന്നോ,മിതഭാഷിയെന്നോ ധരിക്കരുത്.കാരണം ഞാന്‍ ഈ പറഞ്ഞതിനൊക്കെ തികച്ചും എതിര്‍ സ്വഭാവം ഉള്ളയാളാണ്.അപ്പോള്‍ ഈ പെരിട്ടതിനൊരു കാരണം ഉണ്ടാകുമല്ലോ,ഉണ്ട്,എന്‍റെയൊരു സുഹൃത്തിന്റെ ഓര്‍മക്ക് ആയിട്ടാണ് ഈ പേര് നല്‍കിയത്. എന്നുകരുതി ആള് തട്ടിപ്പോയിട്ടൊന്നുമില്ല കേട്ടോ.എവിടെയോ ജീവിക്കുന്നുണ്ട്,ഫോണ്‍ കോളുകള്‍ ഇല്ല,ചാറ്റില്‍ ഇല്ല,ഒരു രീതിയിലും കിട്ടാനില്ല. എന്നാല്‍ പിണങ്ങിയിട്ടുമില്ല...


               സംഭവം നടക്കുന്നത് 2004 ലില്‍ ആണ്.ഞാന്‍ അന്ന് എറണാകുളത്ത് ഇംഗ്ലീഷില്‍ ഉപരിപഠനം നടത്തുന്നു.ഉപരിപഠനം എന്ന് കേട്ട് BA യോMA യോആണെന്ന് തെറ്റിദ്ധരിക്കരുത്,spoken English ആണേ.വിശ്വപ്രസിദ്ധവും,ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആള്‍ക്കാര്‍ വന്നു താമസിച്ചു പഠിച്ചുപോരുന്നതുമായ key institute-ഇല്‍ ആണ് പഠനം,താമസം അവരുടെ തന്നെ hostile-ഇല്‍ ആണ്.ഇംഗ്ലീഷില്‍ ഇനിയൊന്നും പഠിക്കാനില്ല എന്ന് മനസ്സിലാക്കിയനാള്‍ മുതല്‍ ക്ലാസ്സില്‍ പോക്ക് നിര്‍ത്തി,hostile-ലില്‍ തന്നെ ഊണിലും ഉറക്കത്തിലും സര്‍വോപരി വായിനോട്ടത്തിലും ശ്രദ്ധയൂന്നിതുടങ്ങി.കുടിയന്‍ ഏതു നാട്ടില്‍ ചെന്നാലും കുടിയന്മാരെ കമ്പനികിട്ടുമെന്ന് പറയുന്നതുപോലെ എനിക്കും അവിടെ കുറച്ചു മടിയന്മാരെ കമ്പനികിട്ടി.പയ്യോളിക്കാരന്‍ ഒരു സുജീഷ്,തിരുവനന്തപുരത്തുകാരന്‍ ഒരു ഷൈന്‍(അണ്ണന്‍),ചെങ്ങന്നുര്കാരന്‍ നവനീത്(നമ്പോലന്‍),കാക്കനാടുകാരന്‍ ജിജോ(ഭീകരന്‍)  എന്നിവര്‍ ആണെന്റെ സഹമടിയന്മാര്‍. സുജീഷും ഷൈനും നവനീതും രാവിലെമുതല്‍ അവരുടെ പ്രേമഭാജനങ്ങളുമായി മൊബൈല്‍ സല്ലാപങ്ങളില്‍ മുഴുകും.പ്രേമവും പ്രേമഭാജനങ്ങളും ഇല്ലാത്ത ഞാനും ജിജോയും രാവിലെമുതല്‍ രാത്രി ഉറക്കംവരുന്നതുവരെയുള്ള ബോറടിയുടെ തിരക്കുകളില്‍ സജീവമായിരിക്കും.ഇങ്ങനെ നിന്നുതിരിയാന്‍ സമയം കിട്ടാത്ത നാളുകളിലൊന്നില്‍ ഞങ്ങള്‍ ഞെട്ടലോടെ ഒരു സത്യം തിരിച്ചറിഞ്ഞിരുന്നു, ആര്‍ക്കുംതന്നെ ആഹാരം താല്പ്പര്യല്ലാതായിരിക്കുന്നു. തൊട്ടടുത്തുള്ള ചായക്കടക്കാരന്‍ ചേട്ടനാണ് ഇതിന്റെ കാരണവും,പോംവഴിയും പറഞ്ഞുതന്നത്.
  " ഡാ പിള്ളേരെ ശരീരമനങ്ങാത്തതുകൊണ്ടാണ് ആഹാരം വേണ്ടാത്തത്,വ്യായാമം ചെയ്താല്‍മതി മാറിക്കൊള്ളും". 
 ഈ തിരക്കിനിടക്ക് പുറം ചൊറിയാന്‍കൂടി സമയം കിട്ടുന്നില്ല അപ്പോഴല്ലേ വ്യായാമം..പിന്നെ ആഹാരത്തിന്റെ കാര്യമായതുകൊണ്ട് മാത്രം എല്ലാവരും ദിനചര്യകളില്‍ ചെറിയൊരു ഐറ്റം കൂടി ചേര്‍ത്തു."ക്രികെറ്റ് കളി"
          ഇങ്ങനെ ഒരുദിവസം ക്രികെറ്റ്കളിച്ചുകൊണ്ടിരിക്കുബോഴാണ് ഈ ബ്ലോഗിന്റെ പേരിനാസ്പദമായ സംഭവം നടക്കുന്നത്.
  മുറ്റത്തുതന്നെയാണ് കളി.നമ്പോലന്‍ ബാറ്റുചെയ്യുന്നു,സുജീഷ് ബോളുചെയ്യുന്നു,ഞാന്‍ കീപ്പെര്‍ നില്‍ക്കുന്നു, തൊട്ടുപുറകിലെ sit-out ഇല്‍ പൂജ്യനായി മടങ്ങിയ ഭീകരന്‍ വിശ്രമിക്കുന്നു. പൂജ്യനായ ഭീകരനെ കളിക്കിടെ ഞാനുള്‍പ്പടെ മറ്റെല്ലാവരും ശരിക്കും കളിയാക്കുന്നുമുണ്ട്. പക്ഷെ ഭീകരന് ഒരു പുശ്ചം കലര്‍ന്ന ചിരി മാത്രം. ശ്ശെടാ ഇതെന്തോരുകൂത്ത്,,തിരിച്ചെന്തെങ്കിലും പറഞ്ഞാലല്ലേ അതില്‍പിടിച്ചു അടുത്തത് കൊടുക്കാന്‍ പറ്റൂ. ഇവനാണെങ്കില്‍ ഈ *##*യ ചിരിമാത്രം. ഇതിലും വലിയതെന്തെങ്കിലും പറഞ്ഞാലേ ഇവന്ന്റെ വായതുറപ്പിക്കാന്‍ പറ്റുള്ളൂ എന്ന് മനസ്സിലാക്കിയ ഞങ്ങള്‍ കടുത്ത പദങ്ങളിലേക്ക് പോയി. പെട്ടെന്ന് ഞാന്‍ വിളിച്ചുപറഞ്ഞു
എണീറ്റുപോടാ അന്തര്‍മുഖാ
ഉടനെ ഭീകരന്‍ :-  എന്തോന്ന് അന്തര്‍മുഖനോ?? അതെന്തു സാധനം ??
വഴിമുട്ടിനിന്ന ഞങ്ങള്‍ക്ക് കിട്ടിയ പിടിവള്ളിയായിരുന്നത്.
ഉടനെ നബോലന്‍ :- ഡാ അജീഷേ ഇങ്ങനെത്തെ തെറിപറയാനുംമാത്രം അവനെന്തു തെറ്റുചെയ്തു?? ഇതുവളരെ മോശമായിപ്പോയി, ശത്രുക്കളെപ്പോലും ഇങ്ങനൊന്നും വിളിക്കരുത്.
സുജീഷ്:- ശരിയാണ്,ഒന്നുമില്ലെങ്കിലും നമ്മളൊക്കെ ഒന്നിച്ചു കഴിയുന്നവരല്ലേ ,, നീ അവനോടു സോറി പറയണം
ഞാന്‍:- എന്തിനു??
നബോലന്‍:- എന്തിനെന്നോ,,ഈ മുട്ടന്‍ തെറിവിളിച്ചിട്ട്, അവനായാതുകൊണ്ടല്ലേ  ക്ഷമിച്ചത്, ഞാനെങ്ങനും ആയിരുന്നെങ്കില്‍ കാണാമായിരുന്നു
ഭീകരന്‍:- ഇതിന്റെ അര്‍ദ്ധമെന്താഡാ (സ്വല്‍പ്പം ദേഷ്യത്തോടെ)
സുജീഷ്:- അതുപോട്ടെ,അവന്‍ സോറി പറയും
ഞാന്‍:- ഞാന്‍ പറയില്ല,
ഭീകരന്‍: അര്‍ദ്ധം പറയെടാ കോപ്പന്മാരെ (വളരെയധികം ദേഷ്യത്തോടെ )
നബോലന്‍:- വേണ്ടാ,നീ ഇപ്പം അതറിയെണ്ടാ
ഭീകരന്‍:- നീയൊക്കെ പറയുന്നുണ്ടോ, അതോ എന്‍റെ സ്വഭാവം മാറ്റണോ??
സുജീഷ്:- പറഞ്ഞാല്‍ നീ പ്രശ്നമോണ്ടാക്കരുത്
ഭീകരന്‍:- അതപ്പോ നോക്കാം
നമ്പോലന്‍:- സുജീഷേ വേണ്ടേഡാ
ഭീകരന്‍:- ഡാ ###, #**#*** മിണ്ടരുത്,ചെപ്പയടിച്ചു പറിക്കും ഞാന്‍
നമ്പോലന്‍:- എന്നാപ്പിന്നെ പറഞ്ഞു കൊടുക്കെടാ, അവന്മാരായി അവന്മാരുടെ പാടായി
സുജീഷ്:- (അറച്ചറച്ച്)  അവന്‍.. നിന്റെ .. അമ്മാ
ഇത്രയും പറഞ്ഞതും, ഭീകരന്‍ ചാടിയെണീക്കുന്നതും, കൈ വീശുന്നതുമാണ് കണ്ടത്. ഒഴിഞ്ഞുമാറാന്‍ കഴിയുന്നതിനു മുന്‍പ് എന്‍റെ വലത്തേ കവിളില്‍ എന്തോ ഒന്ന് കൊണ്ടു, പക്ഷെ എന്താണെന്നു മനസ്സിലായില്ല, അതിനുമുന്‍പെ തന്നെ അവന്റെ ഇരുബോലക്കപോലെയുള്ള വലത്തേ കാല്‍ എന്‍റെ വയറില്‍ ഉമ്മവെച്ചിരുന്നു.നമ്പോലനും,അണ്ണനും,സുജീഷും ഓടിവരുംബോഴേക്കും ഭീകരന്‍ സ്റ്റ്മ്പ് ഊരിക്കഴിഞ്ഞിരുന്നു അടിക്കാന്‍, അപ്പോഴേക്കും എന്‍റെ ബോധം ജീവനുംകൊണ്ടോടിയതിനാല്‍ അതിനു ശേഷമുള്ളത് അടിയായിരുന്നോ,കുത്തായിരുന്നെന്നോ അറിയാന്‍പറ്റിയില്ല.


ബോധം വന്നപ്പോള്‍ ഞാന്‍ കാണുന്നത്, ഞാന്‍ കട്ടിലില്‍ കിടക്കുകയും നമ്പോലനും,സുജീഷും മറ്റുള്ള സഹമടിയന്മാരും,സഹമുറിയന്മാരും ചുറ്റിലും കൂടിനില്‍ക്കുന്നതാണ്. പക്ഷെ ഭീകരനെ മാത്രം കാണുന്നില്ല .എന്‍റെ നോട്ടം കണ്ടപ്പോള്‍ സുജീഷ് പറഞ്ഞു
നോക്കേണ്ട, അവന്റെ കലിപ്പ് തീര്‍ന്നിട്ടില്ല, വെളിയിലെക്കുപോയി,ഞങ്ങളൊന്നും പറഞ്ഞിട്ട് മനസ്സിലായിട്ടില്ല.
നമ്പോലന്‍:- വന്നിട്ടിനിയെന്താണോ നടക്കുന്നത്??
ഞാന്‍:- നീയൊക്കെ ഏഏഏ  ഹാ ഏഏ
നീയൊക്കെ അവനെയൊന്നു പറഞ്ഞു മനസ്സിലാക്കുകയും ഇനിയും ഉപദ്രവിക്കാന്‍ വന്നാല്‍ പിടിച്ചു മാറ്റിയേക്കണം എന്നും പറയാന്‍ വന്നതായിരുന്നു,പക്ഷെ താടിയെല്ലനക്കാന്‍ പറ്റാത്തത്ര വേദനയയതുകൊണ്ട് വന്നത്രയും മാത്രമായിരുന്നു.അപ്പോള്‍ ആരോ പറഞ്ഞു ജിജോ വന്നു,ജിജോ വന്നു.(അതുവരെ ഭീകരന്‍ എന്ന് വിളിച്ചിരുന്നവര്‍ അവനെ ജിജോ എന്ന് വിളിക്കാന്‍ തുടങ്ങിയിരുന്നു).എന്‍റെ അവസ്ഥ പരമ ദയനീയമായിരുന്നു,,തലയനക്കാന്‍ പറ്റുന്നില്ല,വയറവിടെയുണ്ടോ എന്നറിയണമെങ്കില്‍ തപ്പിനോക്കനം.അതിന്‍റെകൂടെ ഇനീം തല്ലുമേടിക്കണമെല്ലോ എന്നോര്‍ത്തപ്പോഴുള്ള പേടിയും വിഷമവും കൂടി എന്നെ ബാബു നമ്പൂതിരിയാക്കി.കൂടിനിന്നവര്‍ ഭീകരന് വഴിയൊഴിഞ്ഞു കൊടുത്തു.ഇപ്പോള്‍ അവന്‍ എന്റെ കട്ടിലിന്റെ തൊട്ടരുകിലാണ്.മുഖത്തെ ഭാവം മനസ്സിലാക്കാന്‍ പറ്റുന്നില്ല,കൈ രണ്ടും പിറകിലാണ്.ഈശ്വരാ ഇവന്‍ ആ സ്റ്റ്മ്പ് കളഞ്ഞില്ലേ.എന്റെ കണ്ണുകള്‍ നിറഞ്ഞു,കൈകാലുകള്‍ വിറക്കാന്‍ തുടങ്ങി,കിടന്നകിടപ്പില്‍ വെട്ടിവിയര്‍ക്കാന്‍തുടങ്ങി.ചവിട്ടുകിട്ടിയപ്പോള്‍ പോയതുകൊണ്ടും, അതുകൊണ്ടുമാത്രം ഇപ്പോള്‍ സ്റ്റോക്കില്ലാത്തതുകൊണ്ടും മൂത്രം എന്നെ പേടിച്ചു മൂത്രമൊഴിക്കാന്‍ അനുവദിച്ചില്ല.പെട്ടെന്ന് ഭീകരന്‍ ഒരു സാധനം എന്റെമുന്നിലക്ക് നീട്ടിപ്പിടിച്ചിട്ടു എന്തോപറഞ്ഞു.കണ്ണുനിറഞ്ഞിരിക്കുന്നതിനാല്‍ അതെന്താണെന്ന് കാണാന്‍പറ്റുന്നില്ല,കൂടിനില്‍ക്കുന്നവരുടെ ചിരി കാരണം പറഞ്ഞതെന്തെന്നു കേള്‍ക്കാനും പറ്റിയില്ല.എന്തായാലും ഇനി തല്ലുകിട്ടില്ലെന്നു അവരുടെ ചിരിയില്‍ നിന്ന് മനസ്സിലാക്കിയ ഞാന്‍ കണ്ണുതുടച്ച്‌ അവന്‍ നീട്ടിയ സാധനത്തിലേക്ക് നോക്കി.kontessa white rum അപ്പോള്‍ അവന്‍ വീണ്ടും പറയുകയാണ് 
   സോറി അളിയാ, നീ അമ്മക്ക് പറഞ്ഞതാണെന്ന് വിചാരിച്ചാണ് ഞാന്‍ പെട്ടെന്നുള്ള ദേഷ്യത്തില്‍ ഇതെല്ലം ചെയ്തത്. നീ ഷമിരളിയാ....
തിരിച്ചു തല്ലാന്‍ ത്രാണിയില്ലാത്തവന്‍ പിന്നെന്തുചെയ്യാന്‍, ഞാനും ക്ഷമിച്ചു. പിന്നെ അവന്‍ സ്നേഹമുള്ളവനാണു, തല്ലിയെങ്കിലെന്താ വേദന മാറാന്‍ white rum വാങ്ങിതന്നില്ലേ...ഈ സമയമെല്ലാം അണ്ണനും നബോലനും സുജീഷുമെല്ലാം ചിരിച്ചു മറിയുകയായിരുന്നു, പതുക്കെ പതുക്കെ ഞാനും അവരുടെ ചിരിയില്‍ പങ്കുചേര്‍ന്നു....
അങ്ങിനെ ജിജോക്ക് ഭീകരന്‍ എന്ന പെരുകൂടാതെ അന്തര്‍മുഖന്‍ എന്ന പേരുംകൂടി വീണു..


ബ്ലോഗിന് എന്ത് പേരിടണം എന്നലോചിച്ചിരുന്നപ്പോള്‍ ഈ സംഭവം ഓര്‍മ വരികയും, തല്ലുകിട്ടാന്‍ കാരണമായ പദംതന്നെ  പേരായി തീരുമാനിക്കുകയും ചെയ്തു.